സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ സാമ്പത്തിക ഉത്തരവാദിത്വം പൂർണമായും സംസ്ഥാനങ്ങളുടെ ചുമലിലിട്ട് മോദി സർക്കാർ

ദേശീയ സാമൂഹ്യസുരക്ഷാ പദ്ധതി പ്രകാരം മുതിർന്ന പൗരർ, വിധവകൾ, ഭിന്നശേഷി വിഭാഗക്കാർ തുടങ്ങിയവർക്കുള്ള പെൻഷൻ നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നാണ് കേന്ദ്രം പിൻമാറുന്നത്. സംസ്ഥാനങ്ങൾ സ്വന്തംനിലയ്ക്ക് പെൻഷൻ ഗുണഭോക്താക്കളുടെ പട്ടിക പുതുക്കണമെന്നും സ്വന്തം ഫണ്ടുകളിൽനിന്ന് തുക അനുവദിക്കണമെന്നും കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ്വാൻ രാജ്യസഭയിൽ പറഞ്ഞു. ദേശീയ സാമൂഹ്യ സഹായ പരിപാടിക്ക് (എൻഎസ്എപി) കീഴിലുള്ള മൂന്ന് കോടിയിലധികം ഗുണഭോക്താക്കളെ വഴിയാധാരമാക്കുന്നതാണ് കേന്ദ്രനിലപാട്.


എൻഎസ്എപി പ്രകാരം ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവർക്കായി മൂന്ന് പദ്ധതികളാണ് നിലവിലുള്ളത്. 60 വയസ്സ് മുതൽ 79 വയസ്സ് വരെയുള്ളവർക്ക് 200 രൂപ, പ്രായപൂർത്തിയായ ഭിന്നശേഷി വിഭാഗക്കാർക്ക് 300 രൂപ, 40 വയസ്സിന് മുകളിലുള്ള വിധവകൾക്ക് 300രൂപ എന്നിങ്ങനെയാണ് ഈ പദ്ധതികൾ അനുസരിച്ചുള്ള പ്രതിമാസ പെൻഷനുകൾ. ഇവയിൽ 80 വയസ്സിന് മുകളിലുള്ള ഗുണഭോക്താക്കൾക്ക് 500 രൂപയാണ് പെൻഷൻ. നിലവിൽ, 2007-12ൽ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടിക അനുസരിച്ചാണ് പെൻഷൻ വിതരണം.


കാലാനുസൃതമായി പട്ടിക പുതുക്കാനോ, അർഹരായവരെ പുതിയതായി ഉൾപ്പെടുത്താനോ, പെൻഷൻ തുക വർധിപ്പിക്കാനോ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഈ ഉത്തരവാദിത്തങ്ങളെല്ലാം സംസ്ഥാനങ്ങളുടെ ബാധ്യതയാക്കി കേന്ദ്രം കൈകഴുകുകയാണെന്ന് വ്യക്തമാക്കുന്നതാണ് രാഘവ്‌ഛദ്ദ എംപിയുടെ ചോദ്യത്തിനുള്ള മന്ത്രി കമലേഷ് പസ്വാൻ്റെ മറുപടി. എൻഎസ്എപിയിൽ കൂടുതൽ പേർക്ക് പെൻഷനുകൾ ലഭിക്കേണ്ടതാണെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം ഫണ്ടുകളിൽ നിന്നും സഹായങ്ങൾ അനുവദിക്കാമെന്നുമാണ് മന്ത്രിയുടെ മറുപടി.
2014ൽ മോദിസർക്കാർ അധികാരത്തിലെത്തിയശേഷം ഒരു രൂപ പോലും പെൻഷൻ തുക വർധിപ്പിച്ചിട്ടില്ല. 2007ലാണ് മുതിർന്ന പൗരർക്കുള്ള പെൻഷൻ 75 രൂപയിൽ നിന്നും 200 രൂപ ആക്കിയത്. 2011 ലാണ് 80 വയസ്സിന് മുകളിലുള്ളവരുടെ പെൻഷൻ 500 രൂപ ആക്കി വർധിപ്പിച്ചത്. ഭിന്നശേഷി വിഭാഗക്കാരുടെ പെൻഷൻ 2012ലാണ് 200ൽ നിന്ന് 300 ആക്കിയത്.


തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് നടപ്പാക്കിയ വിബിജിആർഎഎംജി നിയമം സംസ്ഥാനങ്ങളോട് പദ്ധതിക്കായി 40 ശതമാനം വിഹിതം നൽകണമെന്ന് വ്യവസ്ഥചെയ്യുന്നു. ഇത് സംസ്ഥാനങ്ങൾക്ക് വൻ സാന്‌പത്തിക ബാധ്യത വരുത്തുമെന്ന വിമർശങ്ങൾക്കിടെയാണ് പുതിയ നീക്കം. ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളോടുള്ള സാമൂഹികഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്രസർക്കാർ പൂർണമായും പിൻമാറുന്നത് നിരാശാജനകമാണെന്ന് സാമൂഹ്യസംഘടനകളും മനുഷ്യാവകാശപ്രവർത്തകരും ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *