മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള വീടുകളുടെ നറുക്കെടുപ്പ് ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായ 178 വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്.
സുതാര്യത ഉറപ്പാക്കുന്നതിനായി ഗുണഭോക്താക്കൾക്ക് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. കൽപ്പറ്റ ബൈപാസിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ അതിവേഗം പൂർത്തിയായ മോഡൽ ടൗൺഷിപ്പിന്റെ ഉദ്ഘാടനം ഫെബ്രുവരി 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന് മുന്നോടിയായാണ് ഇന്ന് നറുക്കെടുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ദുരന്തത്തിൽ വീടും സ്ഥലവും പൂർണ്ണമായും നഷ്ടപ്പെട്ടവർക്കാണ് മുൻഗണനാ പട്ടികയിൽ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്. ഏഴ് സെന്റ് പ്ലോട്ടിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൂന്ന് കിടപ്പുമുറികളോട് കൂടിയ സ്വതന്ത്ര വീടുകളാണ് ഓരോ കുടുംബത്തിനും ലഭിക്കുന്നത്.
ഭാവിയിൽ രണ്ടാം നില പണിയാൻ സാധിക്കുന്ന തരത്തിലാണ് വീടുകളുടെ അടിത്തറ നിർമ്മിച്ചിരിക്കുന്നത്. ടൗൺഷിപ്പിൽ പാതകൾ, കുടിവെള്ള സംവിധാനം, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റർ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആകെ 327 ഗുണഭോക്താക്കൾക്ക് വരുന്ന കാലവർഷത്തിന് മുൻപായി വീടുകൾ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കേന്ദ്ര സഹായം വൈകിയിട്ടും സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ മുന്നോട്ട് കൊണ്ടുപോകുന്ന ഈ പുനരധിവാസ പദ്ധതി സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *