ചോമ്പാല ഹാർബർ: അവഗണനയുടെ ആഴക്കടലിൽ; അടിസ്ഥാന സൗകര്യങ്ങളില്ലാതെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

ചോമ്പാല: ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ചോമ്പാല ഹാർബർ കടുത്ത അവഗണനയിൽ. കുടിവെള്ളം മുതൽ സുരക്ഷാ സംവിധാനങ്ങൾ വരെ ഇല്ലാത്ത അവസ്ഥയിൽ വടക്കൻ മലബാറിലെ ഈ ഹാർബർ നശിച്ചുകൊണ്ടിരിക്കുകയാണ്. കോടികളുടെ വികസന പാക്കേജുകൾ പ്രഖ്യാപിക്കുമ്പോഴും ചോമ്പാലയെ സർക്കാർ ബോധപൂർവം തഴയുന്നതായാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.

അടിസ്ഥാന സൗകര്യങ്ങൾ ‘വെള്ളത്തിൽ വരച്ച വര’

​ഹാർബറിൽ വാട്ടർ ടാങ്ക് ഉണ്ടെങ്കിലും കുടിക്കാൻ ശുദ്ധജലമില്ലാത്ത അവസ്ഥയാണ്. രാത്രികാലങ്ങളിൽ വൈദ്യുതി നിലച്ചാൽ പകരം സംവിധാനമില്ലാത്തതിനാൽ ഹാർബർ ഇരുട്ടിലാകുന്നു. ജനറേറ്റർ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല.

  • പാർക്കിങ് ദുരിതം: നൂറുകണക്കിന് വാഹനങ്ങൾ എത്തുന്ന ഇവിടെ പാർക്കിങ് സൗകര്യം തീരെ അപര്യാപ്തമാണ്. ലോറികളും പിക്കപ്പ് വാനുകളും നിറഞ്ഞുകവിയുന്നത് നിത്യസംഭവമായി മാറുന്നു.
  • മാലിന്യ സംസ്കരണം: ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനത്തിന്റെ അഭാവം ഹാർബറിലെ ശുചിത്വത്തെ ബാധിക്കുന്നു.
  • ഐസ് പ്ലാന്റ്: സ്വന്തമായി ഐസ് പ്ലാന്റ് ഇല്ലാത്തതിനാൽ തൊഴിലാളികൾ ഇപ്പോഴും സ്വകാര്യ പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നു.

തകർച്ചയുടെ ഭീഷണിയിൽ കെട്ടിടങ്ങൾ

​ഹാർബറിലെ ലേലപ്പുര ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. മണ്ണെണ്ണയ്ക്കും ഡീസലിനും വേണ്ടി ഇപ്പോഴും മാഹിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് തൊഴിലാളികൾ. ഹാർബറിൽ ഒരു ഇന്ധന പമ്പ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വലകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനോ മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനോ ഇവിടെ സൗകര്യമില്ല.

സുരക്ഷയില്ലാത്ത കടലോരം

​ആഴക്കടലിലെ അപകടങ്ങൾ നിത്യസംഭവമായിട്ടും ഹാർബറിൽ പ്രാഥമിക ചികിത്സാ സൗകര്യം പോലുമില്ല. ഒരു അപകടം സംഭവിച്ചാൽ രോഗിയെ കൊണ്ടുപോകാൻ സ്ട്രക്ചർ സൗകര്യം പോലും ലഭ്യമല്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഹാർബറിനോട് ചേർന്ന് ഒരു മിനി ഹെൽത്ത് സെന്റർ വേണമെന്ന ആവശ്യം കാലങ്ങളായി അവഗണിക്കപ്പെടുന്നു. ഹാർബറിന്റെ വടക്കുഭാഗത്ത് പുലിമുട്ട് നിർമ്മിക്കണമെന്ന സാങ്കേതികമായ ആവശ്യവും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.

അധികൃതരുടെ മൗനം; പ്രതിഷേധം ശക്തം

​ജില്ലയിലെ ഹാർബർ നവീകരണത്തിന് സർക്കാർ 43 കോടി രൂപ അനുവദിച്ചെങ്കിലും ചോമ്പാലയ്ക്ക് ഒരു രൂപ പോലും ലഭിച്ചില്ല. ഫീസ് വർദ്ധനവും ക്ഷേമനിധി വിഹിതവും ഇരട്ടിയായി വാങ്ങുന്ന സർക്കാർ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുകയാണ്. വള്ളങ്ങളുടെ രജിസ്ട്രേഷൻ ബേപ്പൂരിലേക്ക് പോകാതെ ചോമ്പാലയിൽ തന്നെ സബ് സെന്റർ വഴി നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്.

എം.എൽ.എയ്ക്കെതിരെ വിമർശനം:

കഴിഞ്ഞ അഞ്ച് വർഷമായി വടകര എം.എൽ.എ കെ.കെ. രമ ചോമ്പാല ഹാർബറിന്റെ വികസന കാര്യത്തിൽ യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. ജനപ്രതിനിധികളുടെയും സർക്കാരിന്റെയും അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഹാർബറിലെ തൊഴിലാളി സമൂഹം

Leave a Reply

Your email address will not be published. Required fields are marked *