2004 മെയ് 22-നാണ് ഒന്നാം യുപിഎ സർക്കാരിൽ കാബിനറ്റ് മന്ത്രിയായി മണിശങ്കർ അയ്യർ സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര പഞ്ചായത്തിരാജ്, പെട്രോളിയം മന്ത്രി എന്ന നിലയിൽ
അദ്ദേഹം നടത്തിയ ആദ്യ യാത്രകളിലൊന്ന് ആൻഡമാനിലേക്കായിരുന്നു.
004 ആഗസ്ത് 9 ന് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷികത്തിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹം ആൻഡമാനിൽ എത്തിയത്.
സവർക്കർ തടവിൽ കഴിയപ്പെട്ട സെല്ലുലാർ ജയിലിൽ സന്ദർശനം നടത്തിയ അയ്യർ അവിടെ സവർക്കറുടെ സ്മരണയെന്നോണം സ്ഥാപിച്ചിരുന്ന ശിലാഫലകം നീക്കി പകരം ഗാന്ധിയുടെ ചിത്രമുള്ള ഫലകം വെക്കാൻ ആഹ്വാനം ചെയ്യുകയുണ്ടായി. തുടർന്ന്, സവർക്കറുടെ ഫലകം ജയിൽ കവാടത്തിൽ നിന്നും തൂക്കിയെടുത്ത് മാറ്റിയ അയ്യർ, ദേശീയ സ്വാതന്ത്ര്യസമരത്തെ ഒറ്റിയയാളാണ് സവർക്കറെന്ന് തന്റെ പ്രസംഗത്തിൽ ശക്തമായ ഭാഷയിൽ വിമർശിച്ചു. തികഞ്ഞ ഗാന്ധിയനായ മണിശങ്കർ അയ്യർക്ക് ഗാന്ധി വധത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. വി.ഡി. സവർക്കറുടെ ചിത്രവും ഉദ്ധരണിയുമടങ്ങിയ സെല്ലുലാർ ജയിലിലെ ആ ശിലാഫലകം മണിശങ്കർ അയ്യരെ സംബന്ധിച്ച് അങ്ങേയറ്റം അപമാനകരമായ കാഴ്ചയായിരുന്നു.
എന്നാൽ അയ്യരുടെ പ്രവൃത്തിക്കും പ്രസ്താവനയ്ക്കുമെതിരെ ബിജെപിയിൽ നിന്നും സംഘപരിവാർ സംഘടനകളിൽ നിന്നും പ്രതിഷേധമുണ്ടായപ്പോൾ കോൺഗ്രസ്സ് പാർടി അദ്ദേഹത്തെ പിന്തുണയ്ക്കാതെ പരസ്യമായി ശാസിക്കുകയാണുണ്ടായത്. മണിശങ്കർ അയ്യരെ പാർടിയിൽ ഒറ്റപ്പെടുത്തുകയാണുണ്ടായത്.
2004 സെപ്തംബർ 4-നാണ് പ്രധാനമന്ത്രി എന്ന നിലയിൽ മൻമോഹൻ സിങ്ങ് തന്റെ കന്നി വാർത്താസമ്മേളനം ഡൽഹിയിൽ വെച്ചു നടത്തിയത്. പത്രക്കാർക്ക് ഒരൊറ്റ ചോദ്യമായിരുന്നു ചോദിക്കാനുണ്ടായിരുന്നത്. വി.ഡി. സവർക്കറെക്കുറിച്ചുള്ള മണിശങ്കർ അയ്യരുടെ ആൻഡമാൻ പ്രസ്താവനയെക്കുറിച്ചായിരുന്നു അത്
ആൻഡമാനിൽ വെച്ച് മണിശങ്കർ അയ്യർ നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്, സർക്കാരിന്റേതല്ല” എന്നായിരുന്നു പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ആദ്യമറുപടി. കൂട്ടത്തിൽ സവർക്കറെ “ദേശസ്‌നേഹിയും സ്വാതന്ത്ര്യസമര സേനാനിയു”മായി മൻമോഹൻ വിശേഷിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ അയ്യരുടെ അഭിപ്രായത്തോട് രോഷാകുലനായാണ് പ്രതികരിച്ചത്. മറ്റു കോൺഗ്രസ്സ് നേതാക്കളും വ്യത്യസ്തരായിരുന്നില്ല. കാബിനറ്റ് മന്ത്രി സ്ഥാനം പോയില്ലെങ്കിലും അയ്യർ പാർടിയിൽ അനഭിമതനായി.
“ഹിന്ദുത്വ” എന്ന ലേഖനത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി ദ്വിരാഷ്ട്രവാദത്തിന്റെയും വിഭജന രാഷ്ട്രീയത്തിന്റെയും വിത്തുപാകിയത് വി.ഡി. സവർക്കറായിരുന്നു. മുഹമ്മദലി ജിന്നക്കും 16 വർഷങ്ങൾക്കുമുൻപ് 1923-ലാണ് സവർക്കർ തന്റെ two-nation theory അവതരിപ്പിച്ചത്. ആ സവർക്കറെപ്പറ്റി ഗാന്ധിയനായ മണിശങ്കർ അയ്യർ ശരിയായ നിരീക്ഷണം നടത്തിയപ്പോൾ കോൺഗ്രസ്സ് നേതൃത്വത്തിനു പൊള്ളിയതിന്റെ കാരണം ആ പാർടിയെ നയിക്കുന്ന മൃദുഹിന്ദുത്വ മനോഭാവമാണ്. കോൺഗ്രസ്സ് അന്നും ഇന്നും അതു തുടരുകയാണ്.
പെട്രോളിയം മന്ത്രി എന്ന നിലയിൽ അമേരിക്കയുടെ താല്പര്യങ്ങൾക്കു വിരുദ്ധമായി ഇന്ത്യ -ഇറാൻ വാതക പൈപ്പ്ലൈനിനുവേണ്ടി ശ്രമിച്ചതിനാൽ മണിശങ്കർ അയ്യർക്ക് 2006-ൽ പെട്രോളിയം മന്ത്രി സ്ഥാനം നഷ്ടമായി. അമേരിക്കയുടെ താല്പര്യമായിരുന്നു അന്ന് കോൺഗ്രസ്സ് പാർടിയുടെ താല്പര്യം. മുകേഷ് അംബാനിയുടെ നോമിനിയായി മുരളി ദേവ്ര പെട്രോളിയം മന്ത്രി പദവിയിലെത്തിയതും പഞ്ചായത്തിരാജിനൊപ്പം മറ്റു ചില വകുപ്പുകളിലേക്ക് അയ്യർ ഒതുക്കപ്പെട്ടതും പിന്നീട് നമ്മൾ കണ്ടു.
ഇന്തോ-അമേരിക്ക ആണവ കരാറിൽ 2008-ലെ ഇടതുപക്ഷത്തിന്റെ നിലപാടിനെ ശരിവെക്കുന്ന അയ്യരുടെ ഇന്നത്തെ പ്രസ്താവനയും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. വെറുതെയല്ല
രണ്ടാം യുപിഎ സർക്കാരിൽ മണിശങ്കർ അയ്യർ ഒഴിവാക്കപ്പെട്ടത്.
വിനായക് ദാമോദർ സവർക്കറിലേക്ക് തിരിച്ചുവരാം.
2004- ആഗസ്തിൽ മണിശങ്കർ അയ്യർ എടുത്തുമാറ്റിയ ആൻഡമാനിലെ സവർക്കർ ഫലകം അവിടേക്ക് തിരിച്ചെത്തിയത് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2015-ലാണ്. മണിശങ്കർ അയ്യർ ആൻഡമാനിൽ പോയി സവർക്കറെ വിമർശിച്ച സംഭവത്തിനുശേഷം കൃത്യം ഒന്നര വർഷം കഴിഞ്ഞാണ് 2006 ഫെബ്രുവരി 19-ന് പറവൂർ മനക്കലപ്പടി സ്കൂളിൽ നടന്ന ഗോൽവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ VD സതീശൻ പങ്കെടുത്തത്. അന്ന് ഗോൽവാൾക്കറുടെ ചിത്രത്തിനു മുന്നിൽ കുനിഞ്ഞു കുമ്പിട്ടു വിളക്കുകൊളുത്തിയ VD സതീശനും അയാളുടെ ശിഷ്യർക്കും സവർക്കർ വിരോധിയായ മണിശങ്കർ അയ്യരോട് കലിപ്പുണ്ടാവുന്നത് സ്വാഭാവികം മാത്രം.
പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നൊക്കെ പറയുന്ന മണിശങ്കർ അയ്യരെ കേരള സവർക്കറുടെ ശിഷ്യൻമാർ ശാരീരികമായി കൈകാര്യം ചെയ്യാത്തത് ഭാഗ്യമായി കൂട്ടിയാൽ മതി


