
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും അയ്യപ്പ ഭക്തരും ഇരു ചേരികളിലായി വമ്പിച്ച വിവാദങ്ങള്‍ക്ക് കാരണമായ കേസ് വീണ്ടും കോടതിയില്‍ എത്തുമ്പോള്‍ എന്ത് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന ആകാംഷയിലാണ് കേരളം. ശബരിമലയില്‍ തുല്യത പാലിക്കണമെന്നും, എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കണമെന്നുമുള്ള സുപ്രിംകോടതി വിധി നടപ്പാക്കാനായി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളാണ് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. 2019 ല്‍ കോവിഡിന് ശേഷം കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് സംസ്ഥാനത്തെ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്. വിശ്വാസി സമൂഹത്തെ ഒരുമിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറില്‍ ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത് യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കാനായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയ സാമുദായിക സംഘടനകളെ ഒരുമിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പമ്പ ആഗോള അയ്യപ്പ സംഗമത്തെ പ്രധാനമായും കണ്ടതും. ശബരിമല സ്വര്‍ണക്കൊള്ള, ആഗോള അയ്യപ്പസംഗമവുമായി ബദ്ധപ്പെട്ട വിവാദങ്ങള്‍ എന്നിവ സര്‍ക്കാരിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കിയിരിക്കയാണ്. ഇതിന് തൊട്ടുപിന്നാലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും സുപ്രീം കോടതിയില്‍ എത്തുമ്പോള്‍ എന്ത് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നതാണ് ചര്‍ച്ചാവിഷയം. മുന്‍ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമോ ? അതോ നിലപാടില്‍ വെള്ളം ചേര്‍ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
2006 ലാണ് ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനിലെ ഒരു കൂട്ടം വനിതകള്‍ കോടതിയെ സമീപിക്കുന്നത്. നടി ജയമാല ശബരിമലയില്‍ എത്തിയെന്ന പരാതിയില്‍ ശുദ്ധികലശം നടത്തിയ സംഭവത്തോടെയാണ് ഇത്തരമൊരു പരാതിയുമായി യങ് ലോയേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ കോടതിയെ സമീപിച്ചത്. 2016 ജനുവരിയില്‍ കേസിന് ചൂടുപിടിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴായി വ്യത്യസ്ത നിലപാടുകളായിരുന്നു ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വീകരിച്ചത്. വി എസ് മന്ത്രിസഭയുടെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരന്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതില്‍ തീര്‍ത്തും വ്യത്യസ്ത നിലപാടായിരുന്നു സ്വീകരിച്ചത്. പിന്നീട് വന്ന പിണറായി സര്‍ക്കാര്‍ 2007 ലെ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി കോടതിയെ അറിയിക്കുകയായിരുന്നു.
അയ്യപ്പ ഭക്തരും ഹിന്ദു സംഘടനാ പ്രവര്‍ത്തകരും ശബരിമലയില്‍ സംഘടിച്ചു. പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നതോടെ ശബരിമലയും പരിസര പ്രദേശങ്ങളും സംഘര്‍ഷഭൂമിയായി. ശബരിമലയിലേക്കുള്ള ഭക്തജനങ്ങളെയടക്കം പൊലീസ് തടഞ്ഞു. 2018 ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവു പ്രകാരം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നും, ആര്‍ത്തവത്തിന്റെ പേര് പറഞ്ഞ് സ്ത്രീകളുടെ പ്രവേശനം തടയുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്ക് എതിരാണെന്നുമായിരുന്നു വിധിയില്‍ വ്യക്തമാക്കിയത്. മതവിശ്വാസത്തെ കോടതി വിധിയിലൂടെ തീര്‍പ്പു കല്‍പ്പിക്കാനാവില്ലെന്ന ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിലപാടും പിന്നീട് ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങി.


