പൂരം കലക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെല്ലാം വെറുതേയായി, പൊലീസിനും ജില്ലാ ഭരണകൂടത്തിനും തെറ്റുപറ്റിയിട്ടില്ല, സംഭവത്തിന് പിന്നില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ല – എന്നൊക്കെയാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപിയെ വിജയിപ്പിക്കുന്നതിനായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതെന്നായിരുന്നു ഉയര്‍ന്ന ആരോപണം. സംസ്ഥാനത്തെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോനയുടെ ഭാഗമായാണ് പൂരം കലക്കാന്‍ പൊലീസ് കൂട്ടുനിന്നതെന്നായിരുന്നു സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍ കുമാറിന്റെ ആരോപണം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുനില്‍ കുമാര്‍ ആവശ്യമുന്നയിച്ചതോടെയാണ് പൂരം കലക്കല്‍ വിവാദം പ്രധാന രാഷ്ട്രീയ വിഷയമാവുന്നത്.
സുനില്‍ കുമാറിന് പിന്നാലെ റവന്യൂ മന്ത്രി കെ രാജനും എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയതോടെ സര്‍ക്കാരും പ്രതിസന്ധിയിലായി. ഇതോടെയാണ് ക്രൈബ്രാഞ്ചിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നത്. 2024ലെ തൃശൂര്‍ പൂരാഘോഷം അലങ്കോലമായതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ, സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോക് തുടങ്ങിവയവരായിരുന്നു സംശയനിഴലില്‍. എഡിജിപി എംആര്‍ അജിത് കുമാര്‍ സ്ഥലത്തുണ്ടായിട്ടും വിഷയത്തില്‍ ഇടപെട്ടില്ലെന്നായിരുന്നു ഉയര്‍ന്ന ആരോപണം
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സുരേഷ് ഗോപിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഉന്നതര്‍ അന്വേഷണം നടത്തിയെങ്കിലും പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു അന്വേഷണം സംഘമെന്നാണ് ഉയരുന്ന ആരോപണം. വീണ്ടും ഒരു തിരഞ്ഞെടുപ്പ് വേളയില്‍ പൂരം കലക്കല്‍ വിവാദം ഉയരുമോ എന്ന ആശങ്കയും സിപിഐഎം കേന്ദ്രങ്ങള്‍ക്കുണ്ട്. സിപിഐ നേതൃത്വം വീണ്ടും വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ അത് തിരിച്ചടിയാകുമെന്ന ആശങ്കയാണ് ഇടത് കേന്ദ്രങ്ങളില്‍.
സംസ്ഥാനത്തെ പ്രമുഖ ആര്‍എസ്എസ് നേതാക്കള്‍ക്കും പൂരം കലക്കലില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനേയും പൊലീസിനേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. പൂരം കലങ്ങാന്‍ കാരണം ദേവസ്വം ഭാരവാഹികളുടെ തെറ്റായ നിലപാടാണെന്നും, ഒരു ഗൂഢാലോചനയും ഉണ്ടായിട്ടില്ലെന്നുമാണ് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വി എസ് സുനില്‍കുമാര്‍


